തിരുവനന്തപുരം: ചിറയിൻകീഴ് കൈയാങ്കളിയിൽ രമ്യാ ഹരിദാസ് എംഎൽഎയ്ക്കും യൂത്ത് കോൺഗ്രസ് നേതാവ് സജിത്തിനും കെപിസിസി പ്രസിഡന്റിന്റെ താക്കീത്. മേലിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്നും പക്വതയോടെ കാര്യങ്ങളിൽ ഇടപെടണമെന്നും ഇരുവർക്കും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് നിർദ്ദേശം നൽകി.
പാര്‍ട്ടി ആസ്ഥാനത്തേക്ക് വിളിപ്പിച്ചാണ് താക്കീത് നല്‍കിയത്. കൂടാതെ ഇരു വിഭാഗവും നൽകിയിട്ടുള്ള കേസുകൾ പിൻവലിക്കാനും കൂടുതൽ പ്രതികരണങ്ങൾ നടത്തരുതെന്നും അദ്ദേഹം പറഞ്ഞു. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് അഞ്ചുതെങ്ങ് ഡിവിഷനിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത് കൂടി കണക്കിലെടുത്താണ് ഈ വിഷയത്തിൽ അന്തിമമായ തീർപ്പുണ്ടാക്കിയിരിക്കുന്നത്.
രമ്യയുടെ സഹായിയായ പാളയം പ്രദീപിനെ പേഴ്സണൽ സ്റ്റാഫ് ആക്കേണ്ടതില്ലെന്നും കെപിസിസി പ്രസിഡന്റ് നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രശ്നപരിഹാരത്തിന് നാലംഗ സമിതിയെയും രൂപീകരിച്ചു. എം.വിൻസെന്റ്, പാലോട് രവി, നെയ്യാറ്റിൻകര സനൽ, കെ.എസ്. ശബരീനാഥൻ എന്നിവരാണ് സമിതി അംഗങ്ങള്‍. അതേസമയം രമ്യ ഹരിദാസിനും സജിത്തിനും എതിരെ നടപടി ഉണ്ടായേക്കില്ലെന്നും സൂചനയുണ്ട്.